ചണ്ഡീഗഢ്: കൂടുതൽ സംസ്ഥാനങ്ങൾ ദേശീയ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ പ്രമേയം പാസാക്കുന്നു. കേരളത്തിന്റെ പാത പിന്തുടർന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കനൊരുങ്ങി പഞ്ചാബ് നിയമസഭയാണ് ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്. എൻആർസിയുമായി ബന്ധപ്പെട്ട ആശങ്കളുയർത്തുന്ന ദേശീയ ജനസംഖ്യാ പട്ടികയിലെ ചില ഭാഗങ്ങളിൽ ഭേദഗതി വരുത്തുന്നതിനാവശ്യമായ നടപടികളും പഞ്ചാബ് സർക്കാർ സ്വീകരിക്കും.
വെള്ളിയാഴ്ച ഇത് സംബന്ധിച്ച അന്തിമ തീരുമാനമറിയിക്കുമെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചിരുന്നത്. നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ മറ്റ് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് വിഷയത്തിൽ അന്തിമ തീരുമാനമായത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതര സ്വഭാവത്തിനും തുല്യതയ്ക്കും എതിരാണെന്ന് പറയുന്ന പ്രമേയത്തിൽ പൗരത്വം നൽകുന്നതിൽ മതപരമായ വിവേചനത്തിന് പുറമേ ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനവും നിയമത്തിലുണ്ടെന്ന് പഞ്ചാബ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത ദേശീയ ജനസംഖ്യാ പട്ടികയും സെൻസസും സംബന്ധിച്ച സുപ്രധാന യോഗം നടക്കുന്ന ദിവസം തന്നെയാണ് പഞ്ചാബ് സർക്കാർ പ്രമേയം പാസാക്കുന്നതും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് സംസ്ഥാന സർക്കാരുകളോട് അത്തരത്തിലുള്ള പ്രമേയം പാസാക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെ, കോൺഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഢ് സർക്കാർ എൻപിആറിൽ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് 2019 ഒക്ടോബറിൽ ഇറക്കിയ നോട്ടീസ് പിൻവലിക്കാനുള്ള സാധ്യതകൾ തേടുന്നുണ്ട്.
Discussion about this post