ന്യൂഡൽഹി: ഡൽഹി ജുമാമസ്ജിദിൽ സിഎഎയ്‌ക്കെിരെ പ്രതിഷേധിക്കുന്നതിനിടെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം വീണ്ടും ഡൽഹി ജുമാമസ്ജിദിൽ എത്തും. ജനങ്ങളോട് സംവദിക്കാനായിരിക്കും സന്ദർശനം. പിന്നീട് കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറൻപുരിലേക്കു മടങ്ങും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ആസാദ് വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണു തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ച് 24 മണിക്കൂറിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഏറെ വൈകിയെങ്കിലും പുറത്തുകാത്തുനിന്ന അണികൾ ആസാദിനു വൻ വരവേൽപ്പാണ് ഒരുക്കിയത്. ഭീം ആർമി പ്രവർത്തകരുടെ ജയ്ഭീം വിളിയും ഹാരാർപ്പണവും സ്വീകരിച്ച് ആസാദ് പുറത്തേക്കിറങ്ങിയ ശേഷം നേരെ ജോർബാഗിലെ കർബല ദർഗയിലേക്ക് പോയി.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ആസാദ് ഉറപ്പിച്ച് പറഞ്ഞു. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആയിരം റാലികൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിൽ നിയമത്തിനെതിരെ താൻ 1500 റാലികൾ നടത്തുമെന്ന് ആസാദ് പറഞ്ഞു. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥിനി ആയിഷ റെന്നയുമായും ചന്ദ്രശേഖർ ആസാദ് ഹ്രസ്വ കൂടിക്കാഴ്ച നടത്തി.
ഡിസംബർ 21നാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റിലായത്. തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി ജുമാമസ്ജിദിൽ ഇന്നത്തെ നമസ്‌കാരത്തിന് ശേഷമാണ് ആസാദ് സന്ദർശനം നടത്തുക. ശേഷം നാല് മണിക്ക് വാർത്ത സമ്മേളനവുമുണ്ടാകും. ഇതിന് ശേഷമായിരിക്കും ആസാദ് പോലീസ് സുരക്ഷയിൽ സഹാറൻപൂരിലേക്ക് തിരിക്കുക.
Discussion about this post