ന്യൂഡൽഹി: രാജ്യത്തെ തീവ്രവാദത്തിന് അന്ത്യം കുറിക്കണമെങ്കിൽ 9/11 ആക്രമണത്തിന് ശേഷം യുഎസ് സ്വീകരിച്ചതുപോലുള്ള ശക്തമായ നടപടികൾ ഇന്ത്യയും സ്വീകരിക്കണമെന്ന ആഹ്വാനവുമായി സംയുക്ത സേന മേധാവി ബിപിൻ റാവത്ത്. തീവ്രവാദപ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണം. 2001 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. അത്തരത്തിലുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യയും തയ്യാറാകണമെന്ന് ബിപിൻ റാവത്ത് പറഞ്ഞു.
ന്യൂഡൽഹിയിൽ സംഘടിപ്പിച്ച റെയ്സിന ഡയലോഗ് 2020 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്. തീവ്രവാദികളെയും തീവ്രവാദത്തെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നയതന്ത്രപരമായ ഉപരോധങ്ങളും ഫിനാഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും തീവ്രവാദത്തെ നേരിടുന്നതിന് സഹായിക്കും. ഓൺലൈൻ മാധ്യമങ്ങൾ വഴി തീവ്രവാദത്തെക്കുറിച്ച് നടക്കുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ബിപിൻ റാവത്ത് ആവശ്യപ്പെട്ടു.
തീവ്രവാദത്തെ വളർത്തുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം ഇവിടെ തീവ്രവാദം തുടർന്നുകൊണ്ടേയിരിക്കും. ആയുധങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി തീവ്രവാദികളെ ബിനാമികളായി ഉപയോഗിക്കുകയും അവർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുകയുമാണ് ഇത്തരം രാജ്യങ്ങൾ ചെയ്യുന്നതെന്നും ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു.
Discussion about this post