ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനു ജാമ്യം. ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അടുത്ത നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ല. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നാണ് ഉപാധി.
കൂടാതെ, ഒരു മാസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കണമെന്നും, ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണം. ഡല്‍ഹിയില്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണം. തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്.
ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധക്കാരെ തടഞ്ഞ പോലീസിനെതിരെ ഇന്നലെ അതിരൂക്ഷമായ വിമര്‍ശനം നടത്തിയ ഡല്‍ഹി തീസ് ഹസാരി അഡീഷനല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവുവിന്റേതാണ് ഉത്തരവ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ജാമ്യം അനുവദിക്കവേ ജഡ്ജി കാമിനി ലാവു പറഞ്ഞു.
പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ 21നാണ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.
Discussion about this post