ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. എ്ലലാവർക്കും വികസനം എന്ന മുദ്രാവാക്യവുമായി ഭരണത്തിലേറിയ മോഡി സർക്കാർ ഇപ്പോൾ എല്ലാവർക്കും വിനാശം എന്നതാണ് നടപ്പാക്കുന്നതെന്നും മണി ശങ്കർ അയ്യർ ആരോപിച്ചു.
സബ് കാ സാത് സബ്കാ വികാസ് എന്ന വാഗ്ദാനവുമായാണ് മോഡി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ സർക്കാരിന്റെ ഇപ്പോഴത്തെ മുദ്രാവാക്യം ‘സബ്കാ സാത് സബ്കാ വിനാശ്’ എന്നാണ്. നിങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി, നിങ്ങൾക്ക് മാത്രമേ അദ്ദേഹത്തെ പുറത്താക്കാൻ കഴിയൂ, അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ നിരന്തരം പ്രക്ഷോഭത്തിനിറങ്ങുന്ന സ്ത്രീകളെ അഭിനന്ദിച്ചും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചുമായിരുന്നു ചൊവ്വാഴ്ച ഷഹീൻ ബാഗിൽ അദ്ദേഹം നടത്തിയ പ്രസംഗം. നിങ്ങൾക്ക് ആവശ്യമായ എന്തുസഹായവും ചെയ്തുതരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾക്ക് വ്യക്തിപരമായി എനിക്ക് ചെയ്തുതരാൻ കഴിയുന്ന എന്ത് സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്. എന്തുത്യാഗവും അതിന് വേണ്ടി സഹിക്കാൻ തയ്യാറാണ്. നമ്മുടെ കൈകൾക്കാണോ അതോ കൊലയാളികളുടെ കൈകൾക്കാണോ കൂടുതൽ ശക്തിയെന്ന് നമുക്ക് നോക്കാം, മണി ശങ്കർ അയ്യർ പറഞ്ഞു.
സിഎഎയ്ക്കും എൻആർസിക്കും എതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകളാണ് ഷഹീൻ ബാഗിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
Discussion about this post