ന്യൂഡല്‍ഹി: 2018ല്‍ എട്ടായിരത്തോളം ബിസിനസുകാര്‍ ആത്മഹത്യ ചെയ്തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക്. 2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് വന്നെങ്കിലും 2018 ല്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായത്. ആത്മഹത്യ ചെയ്ത വ്യക്തികളുടെ തൊഴില്‍ സംബന്ധിച്ച പരിശോധനകള്‍ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.
കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ പേര് ആത്മഹത്യ ചെയ്തത്. 1113 പേര്. മഹാരാഷ്ട്രയില്‍ 969 പേരും തമിഴ്നാട്ടില്‍ 931 പേരും ആത്മഹത്യ ചെയ്തു. സംസ്ഥാനങ്ങളിലെ ജിഡിപി കണക്കില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ മൂന്നും.
2015 ല്‍ 8780 ബിസിനസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. 2016 ല്‍ ഇത് 8573 ആയി കുറഞ്ഞു. 2017ല്‍ ഇത് വീണ്ടും കുറഞ്ഞ് 7778 ല്‍ എത്തി. എന്നാല്‍ 2018 ല്‍ 7990 ആയി വര്‍ധിക്കുകയായിരുന്നു.
ഇവരില്‍ 4970 പേരും കടബാധ്യതമൂലം ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. 2017 നെ അപേക്ഷിച്ച് ബാധ്യതകളെ തുടര്‍ന്ന് ജീവനോടുക്കിയവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2017 ല്‍ ഇത് 5151 ആയിരുന്നു. രണ്ടാമത്തെ പ്രധാന കാരണം കുടുംബ പ്രശ്നങ്ങളാണ്. 2017ല്‍ 30.1 ശതമനം പേരുടെ ആത്മഹത്യയ്ക്ക് കുടുംബ പ്രശ്നങ്ങള്‍ കാരണമായി.
രോഗം, വിവാഹ സംബന്ധമായ പ്രശ്നങ്ങള്‍, ലഹരി ഉപഭോഗം, പ്രണയ ബന്ധങ്ങള്‍ എന്നിവയാണ് മറ്റുള്ളവരെ ആത്മഹത്യയിലേക്ക് നയിച്ചത്. കട ബാധ്യതകളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര് ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്. 1541 പേര്. കര്‍ണാടകത്തില്‍ 1391 പേരും ഇതേ കാരണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. എന്നാല്‍ ബംഗളൂരു നഗരത്തില്‍ മാത്രം 142 ബിസിനസുകരാണ് കടം കൂടിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
Discussion about this post