ഹിസ്ബുൾ ഭീകരരെ കടത്തുന്നതിനിടെ പിടിയിലായ ഡിഎസ്പി ദേവീന്ദർ സിങിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ല; നിഷേധിച്ച് കാശ്മീർ പോലീസ്

ശ്രീനഗർ: ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ കാശ്മീരിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ കാശ്മീർ ഡിഎസ്പി ദേവീന്ദർ സിങിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ലെന്ന് വിശദീകരണം. ദേവീന്ദറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു മുമ്പ് വന്ന റിപ്പോർട്ടുകൾ. എന്നാൽ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ പ്രവർത്തന മികവിന് ദേവീന്ദർ സിങിന് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിട്ടില്ലെന്നും, എന്നാൽ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം സമ്മാനിച്ചിരുന്നു എന്നുമാണ് കാശ്മീർ പോലീസ് വിശദീകരിക്കുന്നത്.

2017 ഓഗസ്റ്റ് 25ന് പുൽവാമയിൽ തീവ്രവാദികൾക്കെതിരെ നടത്തിയ പ്രത്യാക്രമണത്തിൽ ദേവീന്ദർ സിങിന്റെ പങ്ക് മാനിച്ചാണ് സംസ്ഥാന സർക്കാരിന്റെ വിശിഷ്ട സേവാ പുരസ്‌കാരം നൽകിയതെന്ന് കാശ്മീർ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു. ആന്റി ഹൈജാക്കിംഗ് സെല്ലിന്റെ ഭാഗമായി ശ്രീനഗർ എയർപോർട്ടിൽ പ്രവർത്തിക്കുകയായിരുന്ന ദേവീന്ദർ സിങ് അന്ന് പുൽവാമയിലെ പ്രത്യാക്രമണത്തിൽ പങ്കെടുത്തിരുന്നു.

പാകിസ്താനിലെ ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദ സംഘടനയുടെ ഭാഗമായ നവീദ് ബാബു, അൽത്താഫ് എന്നിവർക്കൊപ്പമാണ് ദേവീന്ദർ സിങ് പിടിയിലായത്. തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന ദേവീന്ദർ സിങ് ശ്രീനഗർ-ജമ്മു ഹൈവേയിൽ വച്ചാണ് പിടിയിലായത്. ഇതിന് പിന്നാലെ പോലീസ് ദേവീന്ദർ സിങിന്റെ വസതി റെയ്ഡ് ചെയ്ത് അഞ്ച് ഗ്രനേഡുകളും മൂന്ന് എകെ 47 തോക്കുകളും പിടിച്ചെടുത്തിരുന്നു.

Exit mobile version