മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുംബൈ സര്‍വകലാശാല അധ്യാപകന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷന്‍, ഛത്ര ഭാരതി എന്നീ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് മുംബൈ സര്‍വകലാശാല അക്കാദമി ഓഫ് തീയറ്റര്‍ ആര്‍ട്ട്‌സ് ഡയറക്ടര്‍ യോഗേഷ് സോമനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്.
അതേസമയം, യോഗേഷിന്റെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും രജിസ്ട്രാര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. രാഹുലിന്റെ ‘സവര്‍ക്കര്‍’ പരാമര്‍ശത്തിനെതിരെയാണ് യോഗേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ റേപ്പ് ഇന്‍ ഇന്ത്യ എന്ന് രാഹുല്‍ പറഞ്ഞിരുന്നു.
ഇതോടെ ഈ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്ത് വന്നിരുന്നു. എന്നാല്‍ മാപ്പുപറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് താന്‍ ഒരിക്കലും മാപ്പുപറയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.