ലക്നൗ: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആക്ടിവിസ്റ്റ് യുപി പോലീസിന്റെ ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയത് രാജ്യത്തിന് തന്നെ ഞെട്ടലാകുന്നു. ലഖ്നൗവിൽ ഡിസംബർ 20ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ റോബിൻ വർമ്മയാണ് ജാമ്യം ലഭിച്ചതിനു ശേഷം നേരിട്ട ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസ് ശാരീരികമായി ഉപദ്രവിച്ചതിന് പുറമെ തന്റെ ഭാര്യയെയും മകളെയും വേശ്യകളാക്കുമെന്ന് ഭീഷണി മുഴക്കിയതായും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റോബിൻ ആരോപിക്കുന്നു. തന്റെ ഫോൺ പോലീസ് പരിശോധിക്കുകയും കോൺടാക്ട് ലിസ്റ്റിലും വാട്സ്ആപ്പിലുമുള്ള മുസ്ലീം പേരുകളെ കുറിച്ച് മോശമായി സംസാരിച്ചെന്നും എന്തിനാണ് മുസ്ലിങ്ങളുടെ നമ്പർ സൂക്ഷിക്കുന്നതെന്ന് ചോദ്യം ചെയ്തെന്നും റോബിൻ പറയുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തന്നെയാണുള്ളത്.
അധ്യാപകൻ കൂടിയായ തന്റെ ജന്മദിനത്തിന് മുസ്ലിമായ ഒരു വിദ്യാർത്ഥി ആശംസകൾ അറിയിച്ചിരുന്നു. എങ്ങനെ അവനെ അറിയാം? എന്തിനാണ് ഇവരുമായൊക്കെ ചങ്ങാത്തം കൂടുന്നത്? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെയായിരുന്നു പിന്നീട് പോലീസുകാർ ചോദിച്ചതെന്നും റോബിൻ വിശദീകരിക്കുന്നു.
തന്റെ കുടുംബത്തെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് തല്ലിച്ചതച്ചത്. ആദ്യം റോബിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന പോലീസ്, പിന്നീട് കലാപശ്രമം, കൊല്ലാൻ ശ്രമിക്കുക, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. അതുകൊണ്ട് തന്നെ നിയമവ്യവസ്ഥയിലും ഭരണഘടനയിലും താൻ വിശ്വസിക്കുന്നുവെന്നും റോബിൻ പറയുന്നു.