ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷമായ വിമർശനവുമായി ബിഎസ്പി നേതൃത്വം. ബിജെപി നേതൃത്വത്തിന് ഇന്ത്യയുടെ ഭരണഘടനയോടും ജനാധിപത്യ സംവിധാനത്തോടും യാതൊരു ബഹുമാനവുമില്ലെന്നും വിദ്യാർത്ഥികളുടെ ശബ്ദത്തിന് വിലകൽപ്പിക്കുന്നില്ലെന്നും ബിഎസ്പി നേതാവും പാർട്ടി ദേശീയ വക്താവുമായ സുധീന്ദ്ര ഭഡോറിയ വിമർശിച്ചു.
നരേന്ദ്ര മോഡിക്കും യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടണമെന്ന ബിജെപി നേതാവ് രഘുരാജ് സിങിന്റെ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു ഭഡോറിയ. നീതി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ ശബ്ദമുയർത്തുന്നത്. എന്നാൽ ഉത്തർപ്രദേശിലും ബംഗാളിലും മറ്റും വിദ്യാർത്ഥികളുടെ ശബ്ദത്തിന് ബിജെപി നേതൃത്വം യാതൊരു ബഹുമാനവും നൽകുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരം മോശമായ ഭാഷയിലുള്ള പ്രതികരണം.
പ്രതിഷേധക്കാരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ചിലരുടെ ഭീഷണി. രാജ്യത്തെ ഭരണഘടനയോടും ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തോടും തന്നെ ബിജെപിക്ക് ബഹുമാനമില്ലെന്നതിന്റെ തെളിവാണിതെന്നും ഭഡോറിയ വ്യക്തമാക്കി.
ഈ രീതിയിലുള്ള സ്വേച്ഛാധിപത്യ ഭരണത്തിനുള്ള മറുപടിയായി ഇനിയൊരു അവസരം ലഭിച്ചാൽ രാജ്യത്തെ ജനങ്ങൾ ബിജെപി നേതൃത്വത്തിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്നും ഭഡോറിയ അഭിപ്രായപ്പെട്ടു. ജെഎൻയു വിഷയത്തിൽ വൈസ് ചാൻസിലർക്ക് ക്ലീൻ ചീറ്റ് നൽകിയ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിലപാടിനേയും അദ്ദേഹം തള്ളിക്കളഞ്ഞു.