ന്യൂഡൽഹി: സാമ്പത്തിക മേഖലയിലെ തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായി കൊണ്ടിരിക്കെ മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. തൊഴിലില്ലായ്മ ഇനിയും വർധിക്കുകയാണെങ്കിൽ യുവാക്കൾ രോഷം കൊണ്ട് പൊട്ടിത്തെറിക്കുമെന്നും യുവാക്കൾ അപകടകാരികളാകുമെന്നും കേന്ദ്രത്തിന് പി ചിദംബരം മുന്നറിയിപ്പ് നൽകി.
തകർന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. പണപെരുപ്പം കൂടുന്നത് ജനങ്ങളെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇടയാക്കുമെന്നും മുൻ ധനകാര്യ മന്ത്രി കൂടിയായ പി ചിദംബരം വിശദീകരിച്ചു. 2020 സാമ്പത്തിക വർഷം ഇന്ത്യയിൽ 16 ലക്ഷം തൊഴിൽ അവസരങ്ങൾ കുറയുമെന്ന് എസ്ബിഐ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥ നേരിടുന്ന തകർച്ച തൊഴിൽ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വർധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു പഠനം വ്യക്തമാക്കിയത്.
രാജ്യത്തെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തിക രംഗമെന്നാണ് സൂചനകൾ. പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്നാണ് റിപ്പോർട്ടുകൾ.ഡിസംബറിൽ 5.54 ശതമാനത്തിൽനിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയർന്നതെന്നാണ് റിപ്പോർട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്.
Discussion about this post