വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്താൻ ഒരുങ്ങുന്നു. അടുത്തമാസം അവസാനത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. യുഎസിൽ നടക്കുന്ന ഇംപീച്ച്മെൻറ് നടപടികളുടെ ഭാഗമായി ഈ ആഴ്ച്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും സന്ദർശന തീയതി നിശ്ചയിക്കുക.
ഇരുരാജ്യങ്ങൾക്കും സൗകര്യപ്രദമായ തീയതികൾ പരസ്പരം കൈമാറിയെന്നാണ് വിവരം. മുന്നൊരുക്കങ്ങൾക്കായി യുഎസ് സുരക്ഷാ ഏജൻസി അംഗങ്ങൾ ഉടൻ ഡൽഹിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപിനെ പങ്കെടുപ്പിക്കാൻ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വർഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് കളമൊരുങ്ങുന്നത്.
ഇന്ത്യയും യുഎസും തമ്മിൽ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്നാണ് ഇരുരാഷ്ട്രങ്ങളും നൽകുന്ന സൂചന. അതേസമയം, യുഎസ് ഇറാൻ സംഘർഷം കനക്കുന്നതിനിടെയാണ് ട്രംപിന്റെ സന്ദർശനമെന്നതും ശ്രദ്ധയമാണ്. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സെരിഫ് ഇന്ത്യയിലേക്ക് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നെത്തും.
Discussion about this post