കുറച്ചുകൂടി രാഷ്ട്രീയ അവബോധം വേണം; ദീപിക പദുകോണിന് തന്നെ പോലൊരു ഉപദേശകനെ ആവശ്യമുണ്ടെന്ന് ബാബ രാംദേവ്

ഇൻഡർ: ജെഎൻയുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് വാർത്തകളിൽ ഇടംപിടിച്ച ബോളിവുഡ് താരം ദീപിക പദുകോൺ തന്നെ നിരാശനാക്കിയെന്ന് യോഗ ഗുരു ബാബ രാംദേവ്. ദീപിക രാഷ്ട്രീയവും സാമൂഹികവുമായ അവബോധം വർധിപ്പിക്കണമെന്നും രാംദേവ് ഉപദേശിച്ചു. ദീപിക പദുകോണിന് ബാബ രാംദേവിനെപ്പോലെ ഒരു ഉപദേശകനെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മധ്യപ്രദേശിലെ ഇൻഡോറിൽ വ്യവസായവുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം. ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജനുവരി 5നാണ് ദീപിക പദുകോൺ ജെഎൻയു ക്യാമ്പസിലെത്തിയത്. പതിനഞ്ചുമിനിറ്റോളം വിദ്യാർത്ഥികൾക്കൊപ്പം ചെലവഴിച്ച ദീപിക ഒയ്ഷി ഘോഷ് ഉൾപ്പടെയുള്ള വിദ്യാർത്ഥി നേതാക്കളോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ദീപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, പുതിയ ചിത്രമായ ‘ഛപാക്കി’ന്റെ പ്രചാരണത്തിനാണ് നടി ജെഎൻയുവിലെത്തിയത് എന്നായിരുന്നു ബിജെപി നേതാക്കളുടെ പരിഹാസം. ദീപികയെ പിന്തുണച്ചും എതിർത്തും സോഷ്യൽമീഡിയയിൽ വലിയ ക്യാംപെയിനുകളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാബ രാംദേവും ദീപികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

മധ്യപ്രദേശിലെത്തയ രാംദേവ് മുഖ്യമന്ത്രി കമൽനാഥിനെ വാഴ്ത്താനും രാം ദേവ് മറന്നില്ല. മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ താൻ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടോ അത്രമാത്രം താൻ കമൽനാഥിനേയും സ്‌നേഹിക്കുന്നുണ്ട് എന്നായിരുന്നു രാംദേവിന്റെ വാക്കുകൾ.

Exit mobile version