ന്യൂഡൽഹി: ലോക പാസ്പോർട്ട് റാങ്കിങിലും ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്ഥാനം 10 സ്ഥാനം താഴേക്ക് കൂപ്പുകുത്തി. ഹെൻലി പാസ്പോർട്ട് ഇൻഡക്സിലാണ് ഇന്ത്യൻ പാസ്പോർട്ട് 10 സ്ഥാനങ്ങൾ താഴേയ്ക്കുപോയി 74ാം റാങ്കിൽ നിന്നും 84ലേയ്ക്ക് പതിച്ചത്. മുൻകൂട്ടി വിസയില്ലാതെ പാസ്പോർട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൻലി പാസ്പോർട്ട് റാങ്കിങ്.
ഇത്തരത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം മൗറീഷ്യസ് തജിക്കിസ്ഥാൻ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങൾക്ക് ഒപ്പമാണ്. 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പാസ്പോർട്ടുമായി വിസയില്ലാതെ പോവാനാകുക.
വിസ കൂടാതെ പോകാവുന്ന രാജ്യങ്ങൾ, ഇ- വിസയിൽ പോകാവുന്ന രാജ്യങ്ങൾ, വിസ ഓൺ അറൈവൽ, സാധാരണ വിസ എന്നിങ്ങനെയുള്ളവയുടെ പട്ടികയാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.
റാങ്കിങ്ങിൽ പൊതുവിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്. ജപ്പാൻ ആണ് പട്ടികയിൽ ഒന്നാമത്. 191 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ജപ്പാൻ പാസ്പോർട്ടുമായി സഞ്ചരിക്കാനാവുക. സിംഗപ്പുർ രണ്ടാമതും ദക്ഷിണ കൊറിയ, ജർമ്മനി എന്നീ രാജ്യങ്ങൾ മൂന്നാമതുമാണ്.
Discussion about this post