ന്യൂഡൽഹി: ജെഎൻയു വൈസ് ചാൻസിലറെ ന്യായീകരിക്കാവുന്നതിന്റെ പരമാവധി ന്യായീകരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ. സംഘർഷം ലഘൂകരിക്കാൻ വിസി ഇടപെട്ടില്ലെന്ന അധ്യാപകരുടെ ഉൾപ്പടെയുള്ള വാദം തെറ്റാണ്. വൈസ് ചാൻസിലർ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ എതിർപ്പുയരുക സ്വഭാവികമാണെന്നായിരുന്നു പൊക്രിയാലിന്റെ പ്രതികരണം. ജെഎൻയുവിൽ നടന്ന ആക്രമണങ്ങൾ പഠിക്കാൻ താൽപര്യമുള്ളവരും അതിൽ താൽപര്യമില്ലാത്തവരും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമണങ്ങൾക്ക് പിന്നാലെ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കാൻ കഴഞ്ഞില്ലെങ്കിൽ വൈസ് ചാൻസിലർ രാജിവെക്കണമെന്നായിരുന്നു അധ്യാപകർ ആവശ്യപ്പെട്ടത്. ഇതിനെ ശക്തമായി എതിർത്തും സമരം ചെയ്യുന്നവരെ പരിഹസിച്ചുമാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഹോസ്റ്റൽ ഫീസ് വർധനവിന്റെ പേരിൽ വിദ്യാർത്ഥികൾ സമരം തുടരുന്നതിൽ ന്യായമില്ലെന്ന് മന്ത്രി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ‘ഫീസ് വർധനവ് സംബന്ധിച്ച വിഷയം വിദ്യാർത്ഥികളും അധ്യാപകരുമായി പല തവണ നടന്ന ചർച്ചയിലൂടെ പരിഹരിച്ചതാണ്’. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വർധനവിനെതിരെ ജെഎൻയുവിൽ വിദ്യാർത്ഥികൾ സമരത്തിലാണ്.