ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. പാകിസ്താനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് പ്രതിപക്ഷത്തിന്റെ പ്രമേയമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
വിഷയത്തില്‍ പാകിസ്താന് സ്വീകരിച്ച നിലപാടിനെ ഏറ്റെടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. ഇതിലൂടെ ഇന്ത്യക്കെതിരെ ഒരു പോയിന്റ് നേടാന്‍ പാകിസ്താനെ കോണ്‍ഗ്രസ് അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് പാകിസ്താന്റെ നിലപാടുമായി പൊരുത്തപ്പെടുന്നത് എന്ത്കൊണ്ടാണെന്ന് സോണിയ ഗാന്ധി വിശദീകരിക്കണം. സോണിയയുടേയും രാഹുലിന്റേയും അഭ്യര്‍ഥന മാനിച്ച് 20 പാര്‍ട്ടികളും ഇതിനോടൊപ്പം ചേര്‍ന്നത് തങ്ങള്‍ കണ്ടു. പ്രമേയം പാകിസ്താന്റെ മനസ്സിനെ സന്തോഷിപ്പിച്ചിരിക്കണം’ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളോടുള്ള പാകിസ്താന്റെ ക്രൂരമായ പെരുമാറ്റം തുറന്നുകാട്ടാനുള്ള ഒരു യഥാര്‍ത്ഥ ദേശീയ അവസരമായിരുന്നു പൗരത്വ ഭേദഗതി നിയമം. എന്നാല്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയങ്ങള്‍ പാസാക്കുന്നതിന് പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാകിസ്താന് നടത്തുന്ന അതിക്രമങ്ങള്‍ തുറന്നുക്കാട്ടാന്‍ സര്‍ക്കാരിനൊപ്പം ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
Discussion about this post