ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കൂടി ആം ആദ്മിയില്‍ ചേര്‍ന്നു. രാം സിങ് നേതാജി, വിനയ് ശര്‍മ എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് തിങ്കളാഴ്ച ആം ആദ്മി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
അരവിന്ദ് കെജരിവാള്‍, മനിഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ആം ആദ്മി അംഗത്വമെടുത്തത്. രാം സിങ് നേതാജി മുന്‍ എംഎല്‍എയാണ്. മുന്‍ കോണ്‍ഗ്രസ് എംപി മഹബാല്‍ ശര്‍മയുടെ മകനാണ് വിനയ് ശര്‍മ. കെജരിവാള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നിയാണ് ആം ആദ്മി പാര്‍ട്ടിയിലെത്തിയതെന്ന് രാം സിങ് നേതാജി പറഞ്ഞു.
കഴിഞ്ഞ ആഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ഇഖ്ബാലും ആം ആദ്മിയിലെത്തിയിരുന്നു. അഞ്ച് തവണ എംഎല്‍എ ആയ നേതാവാണ് അദ്ദേഹം. ഫെബ്രുവരി 8ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഫെബ്രുവരി 8ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് പുറത്തുവരും. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റുകള്‍ നേടിയാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വീണ്ടും ആം ആദ്മി ആധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലം.
Discussion about this post