പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു

ഇതിന്റെ ഭാഗമായി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. യുപിയെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാനുള്ള ഒരുക്കത്തിലാണ് യോഗി സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചു. സംസ്ഥാനത്തെ 19 ജില്ലകളിലായി താമസിക്കുന്ന അഭയാര്‍ത്ഥികളുടെ പട്ടികയാണ് യോഗി സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി എത്തിയവരുടെ അനുഭവങ്ങളുടെ കുറിപ്പുകളും പട്ടികയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തുള്ള അഭയാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. മുസ്‌ലിം അല്ലാത്ത നാല്‍പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പ്രാഥമിക വിവരം.

ആഗ്ര, റായ് ബറേലി, സഹരന്‍പൂര്‍, ഗോരഖ്പൂര്‍, അലിഗഢ്, റാംപൂര്‍,മുസാഫര്‍നഗര്‍, ഹാപര്‍, മഥുര, കാന്‍പൂര്‍, പ്രതാപ്ഗഢ്, വാരണാസി, അമേഠി, ജാന്‍സി, ലാഖിംപൂര്‍ ഖേരി, ലക്‌നൗ, മീററ്റ്, പിലിബിത്ത് എന്നിവിടങ്ങളിലാണ് അഭയാര്‍ത്ഥികള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version