ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയതിന് പിന്നാലെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര സംഭവത്തിൽ തന്റെ വേദന പങ്കുവെച്ചു. ഫ്ളാറ്റുകൾ പൊളിച്ചത് ഏറെ വേദനാജനകമെന്ന് അദ്ദേഹം കേസ് പരിഗണിക്കുന്നതിനിടെ പരാമർശിക്കുകയായിരുന്നു. ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തിൽ ഇനി അനധികൃത നിർമ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവനുസരിച്ച് മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ പരാമർശം. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഫ്ളാറ്റുകൾ പൊളിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ജസ്റ്റിസ് അരുൺ മിശ്ര മരടിലെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും നിർദേശം നൽകി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയർന്നെങ്കിലും ഇക്കാര്യങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകൾക്ക് നൽകിയ 25 ലക്ഷം രൂപ താത്കാലിക ആശ്വാസമാണെന്നും കൂടുതൽ തുക വേണമെങ്കിൽ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.