പാട്ന: കേരളത്തിന്റെ മാതൃകയിൽ കൂടുതൽ സംസ്ഥാനങ്ങൾ പൗരത്വ രജിസ്റ്ററിനെതിരെ പരസ്യമായ എതിർപ്പുമായി രംഗത്ത്. ബിഹാറിൽ എൻആർസി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ തറപ്പിച്ച് പറഞ്ഞു. സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം നിർണായക പരാമർശം നടത്തിയത്.
എല്ലാ പാർട്ടികളും അംഗീകരിക്കുകയാണെങ്കിൽ സിഎഎയിൽ ചർച്ചയാകാമെന്നും നിതീഷ് കുമാർ നിലപാട് മയപ്പെടുത്തി. നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരേയും നിതീഷ് കുമാർ നിലപാടെടുത്ത് ശ്രദ്ധേയനായിരുന്നു. എൻഡിഎ സഖ്യത്തോടൊപ്പം ചേർന്നുനിൽക്കുന്ന നിതീഷ് കുമാറിന്റെ പ്രസ്താവന വലിയ ചർച്ചയുമായിരുന്നു. ഇതിന് പിന്നാലെയാണ് നലപാടിൽ വെള്ളം ചേർത്ത് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സിഎഎയെ സംബന്ധിച്ച് പാർലമെന്റിൽ ഇനിയും ചർച്ചകളാവാമെന്നും നിതീഷ് കുമാർ അഭിപ്രായപ്പെട്ടു.
അതേസമയം, സിഎഎയിൽ നിലപാടിൽ അയവു വരുത്തിയെങ്കിലും ബിജെപി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻആർസി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേന്ദ്രസർക്കാറിന് കനത്ത പ്രഹരം തന്നെയാണ്. നേരത്തെ, ജെഡിയു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോർ എൻആർസിക്കും സിഎഎയ്ക്കും എതിരെ നിലപാടെടുക്കുകയും പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാർലമെന്റിൽ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്തതിനെ എതിർക്കുകയും ചെയ്തിരുന്നു.
Discussion about this post