മുംബൈ: ഛത്രപതി ശിവജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും താരതമ്യം ചെയ്ത് ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയല്‍ എഴുതിയ ‘ആജ് കേ ശിവാജി: നരേന്ദ്ര മോഡി’ എന്ന പുസ്തകം വിവാദത്തില്‍. പുസ്തകത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി.
ഗോയലിന്റേത് മുഖസ്തുതിയാണ്. ശിവജിയുമായി മോഡിയെ താരതമ്യപ്പെടുത്തിയത് ഇഷ്ടമായോ എന്ന് ശിവജിയുടെ പിന്തുടര്‍ച്ചക്കാര്‍ വ്യക്തമാക്കണം. ശിവജിയുടെ പിന്‍ഗാമികള്‍ ബിജെപിയില്‍നിന്ന് പുറത്തുവരണമെന്നും ശിവജിയുടെ പിന്തുടര്‍ച്ചക്കാരനും രാജ്യസഭയിലെ ബിജെപി അംഗവുമായ സാംഭാജി രാജെയെ ലക്ഷ്യമാക്കി റാവത്ത് പറഞ്ഞു.
അതേസമയം പുസ്തകം അടിയന്തരമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഭാജി രാജെയും രംഗത്തെത്തി. നരേന്ദ്ര മോഡിയെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ അദ്ദേഹം എന്നല്ല, ഈ ലോകത്തെ മറ്റാരെയും ഛത്രപതി ശിവജി മഹാരാജുമായി താരതമ്യം ചെയ്യാനാകില്ലെന്നും അതിനാല്‍ പുസ്തകം നിരോധിക്കണമെന്നും ഞായറാഴ്ച സംഭാജി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാവും സംസ്ഥാന മന്ത്രിയുമായ അശോക് ചവാനും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും പുസ്തകത്തിനെതിരെ രംഗത്തെത്തിയിരുന്നു. ശിവജിയുടെ കാല്‍നഖവുമായി പോലും ആരെയും താരതമ്യം ചെയ്യാനാകില്ലെന്ന് ചവാന്‍ വ്യക്തമാക്കി. മോഡിയെയും ശിവാജിയെയും താരതമ്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അതുല്‍ ലോന്ധെ, ജയ് ഭഗവാന്‍ ഗോയലിനെതിരെ നാഗ്പുര്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
Discussion about this post