ന്യൂഡൽഹി: ജെഎൻയുവിലെ ഹോസ്റ്റലിലടക്കം ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ആപ്പിൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്. അക്രമസംഭവങ്ങളിലെ തെളിവുകളായ സിസിടിവി ദൃശ്യങ്ങളും വാട്സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നടപടി.
ജെഎൻയുവിലെ പ്രൊഫസർമാരാണ് സിസിടിവി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രൊഫസർമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ ഡൽഹി പോലീസിൽനിന്നും വിശദീകരണം തേടി.
അതേസമയം, ആക്രമണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടാനായി സിസിടിവി ദൃശ്യങ്ങൾക്കായി സർവകലാശാല അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ അധികൃതരിൽനിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചില്ലെന്നുമാണ് ഡൽഹി പോലീസ് വിശദീകരിക്കുന്നത്. രണ്ട് വാട്സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങൾ ആവശ്യപ്പെട്ട് വാട്സ്ആപ്പിന് കത്തയച്ചതായും മറുപടിക്കായി കാത്തിരിക്കുകയാണെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post