ബംഗാള്‍: പൊതു സ്വത്ത് നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. പശ്ചിമബംഗാളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടി എടുത്തില്ലെന്നും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാനും ലാത്തി പ്രയോഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.
ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ദിലീപ് ഘോഷ് ഇപ്രകാരം പറഞ്ഞത്. ‘പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതു സ്വത്ത് ആരുടേതാണെന്നാണ് അവര്‍ കരുതുന്നത്? അവരുടെ പിതാവിന്റെയാണോ? പൊതു സ്വത്ത് നികുതിദായകരുടെതാണ്. ഞങ്ങളുടെ ഭക്ഷണം കഴിച്ച്, ഇവിടെ താമസിച്ച് പൊതു സ്വത്ത് നശിപ്പിക്കുന്നു. നിങ്ങളാണോ ഭൂവുടമ? നിങ്ങളെ ഞങ്ങള്‍ ലാത്തി കൊണ്ടടിച്ച്, വെടിവച്ച് ജയിലില്‍ അടയ്ക്കും.” ഘോഷ് പറഞ്ഞു.
‘ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക എന്നിവിടങ്ങളിലെ നമ്മുടെ സര്‍ക്കാരുകള്‍ പൊതുസ്വത്തുക്കള്‍ നശിപ്പിച്ചവരെ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും അവര്‍ ചെയ്തത് ശരിയാണെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ദീദിയുടെ (മമത ബാനര്‍ജി) പോലീസ് നടപടിയെടുത്തിട്ടില്ലെന്നും ‘ദിലീപ് ഘോഷ് ആരോപിച്ചു.