ന്യൂഡൽഹി: ആം ആദ്മി പാർട്ടി ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ ഉപോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സംഭവത്തിൽ വൻട്വിസ്റ്റ്. മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ച് പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി 500 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി ഘടകം രംഗത്തെത്തി. മനോജ് തിവാരിയുടെ വീഡിയോ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി ഇലക്ഷൻ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജരിവാൾ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആൽബത്തിൽ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. ലഗേ രഹോ കെജരിവാൾ ഗാനം വളരെ നല്ലതായതിനാൽ മനോജ് തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി തന്നെയാണ് വീഡിയോ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.
തന്റെ വീഡിയോ ഉപയോഗിക്കാൻ ആരാണ് ആം ആദ്മി പാർട്ടിക്ക് അനുവാദം കൊടുത്തത് എന്ന് ചോദ്യം ചെയ്ത മനോജ് തിവാരി ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയതായി അറിയിച്ചു. 500 കോടി രൂപ നഷ്ടപരിഹാരമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. കെജരിവാളിനേക്കാൾ തിവാരി പ്രശസ്തനായതുകൊണ്ടാണ് തിവാരിയുടെ മുഖം പ്രചാരണത്തിനായി എഎപി ഉപയോഗിച്ചതെന്ന് ഡൽഹി ബിജെപി മീഡിയ റിലേഷൻസ് മേധാവി നീലകണ്ഠ് ബക്ഷി പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെ ആം ആദ്മി പാർട്ടി പ്രതികരിച്ചിട്ടില്ല
Discussion about this post