ന്യൂഡല്‍ഹി: രാജ്യത്ത ഏറ്റവും വലിയ പരസ്യദാതാവാണ് ബിജെപിയെന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റെ(BARC) വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ബിജെപിയുടെ പരസ്യചെലവുകള്‍ പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പരസ്യത്തിനായി ചെലവാക്കിയ തുകയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ അമ്പേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
‘മാറ്റത്തിനായുള്ള പാര്‍ട്ടിയാണെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാല്‍ ബിജെപിയുടെ പരസ്യചെലവുകളുടെ കണക്കുള്‍ പറയുന്നത് വന്‍ കിട കമ്പനികളും രാഷ്ട്രീയവുമായുള്ള ബന്ധത്തെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമ്പൂര്‍ണതയും കരുത്തും സംരക്ഷിക്കാന്‍ വേണ്ടി ബിജെപി പരസ്യങ്ങള്‍ക്കായി ചെലവാക്കുന്ന തുകയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സ്വമേധയാ പരിശോധന നടത്തണം’- കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകളുടെ ആവിഷ്കാരവും തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിന്റെ സുതാര്യത നഷ്ടപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് കമ്പനികളെ പോലും കടത്തിവെട്ടിയാണ് ബിജെപി പരസ്യങ്ങളില്‍ ഒന്നാമതെത്തിയതെന്നാണ് ബാര്‍ക്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ലിവര്‍, ആമസോണ്‍, നെറ്റ്ഫ്ളിക്സ്, ട്രിവാഗോ, ഡെറ്റോള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബിജെപിയുടെ പരസ്യങ്ങള്‍ക്ക് പിന്നിലാണ്. നവംബര്‍ പത്തുമുതല്‍ പതിനാറ് വരെ നല്കിയ പരസ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Discussion about this post