കൊൽക്കത്ത: യാത്രക്കാരിയുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെ ഇറക്കി. വിമാനം ബോംബ് വെച്ച് തകർക്കുമെന്നാണ് എയർ ഏഷ്യ ഫ്‌ളൈറ്റ് ഐ5316 യാത്രക്കാരിയായ മോഹിനി മൊണ്ടാൽ (25) ഭീഷണി മുഴക്കിയത്. ഇക്കാര്യം എഴുതിയ കുറിപ്പ് വിമാനത്തിലെ ക്യാബിൻ ക്രൂവിലൊരാൾക്ക് നൽകി അത് ഫ്‌ളൈറ്റ് ക്യാപ്റ്റന് കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ശരീരത്തിൽ ബോംബുകൾ ഉണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഇതോടെ പറന്നുയർന്ന ഫ്‌ളൈറ്റ് തിരിച്ച് കൊൽക്കത്തയിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഭീഷണി മുഴക്കിയ മോഹിനി മൊണ്ടാലിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി 9:57നായിരുന്നു വിമാനം പറന്നുയർന്നത്. ഒരു മണിക്കൂറിനു ശേഷം ബോംബ് ഭീഷണിയെത്തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങുകയാണെന്ന് ഫ്‌ളൈറ്റ് എയർ ട്രാഫിക് കൺട്രോളർക്ക് (എടിസി) വിമാനത്തിൽ നിന്നും അറിയിപ്പു ലഭിക്കുകയായിരുന്നു. രാത്രി 11-ന് എടിസി മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം രാത്രി 11:46 ന് ഇൻസുലേഷൻ ബേയിലേക്ക് കൊണ്ടുപോയി.
ഇത്തരം ഭീഷണികൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചതായി അധികൃതർ പറഞ്ഞു. ഭീഷണി മുഴക്കിയ യാത്രക്കാരിയെ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) കസ്റ്റഡിയിലെടുത്തു.