ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറികളിലേക്ക് മടങ്ങി പോകണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്കര്‍. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഇന്നും ക്ലാസുകളിലിരുന്ന് പഠിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭാവിയുണ്ടായെങ്കില് മാത്രമേ രാജ്യം പുരോഗമിക്കുകയുള്ളുവെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
26ാമത് ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ലക്ച്ചറില് സംസാരിക്കുകയായിരുന്നു ഗവാസ്ക്കര്‍. പഠനമായിരിക്കണം വിദ്യാര്‍ത്ഥികളുടെ പ്രഥമ ലക്ഷ്യം. പഠിക്കാന്‍ വേണ്ടിയാണ് ഓരോ വിദ്യാര്‍ത്ഥിയും യൂണിവേഴ്സിറ്റിയിലെത്തുന്നത്. അതിനാല്‍ സമരവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളിലേക്ക് തന്നെ മടങ്ങണമെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി പാസാക്കിയതിനെ തുടര്‍ന്ന് അസമിലും, ജാമിഅ മില്ലിയ-അലീഗഡ് സര്‍വകലാശാലയിലും പൊട്ടിപുറപ്പെട്ട പ്രതിഷേധം രാജ്യവ്യാപകമാവുകയായിരുന്നു. ക്ലാസിലിരിക്കേണ്ട യുവാക്കള്‍ തെരുവിലറങ്ങിയിരിക്കുകയാണ്. ചിലര്‍ ഒടുവില്‍ എത്തിപ്പെട്ടത് ആശുപത്രികളിലാണെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളില്‍ നിന്നെല്ലാം രാജ്യം ഉടന്‍ കരകയറും. ഇന്ത്യക്കാരനായിരിക്കുക എന്നതാണ് ഓരോ പൗരനും ആദ്യം ചിന്തിക്കേണ്ടത്. എല്ലാവരും ഒരുമിച്ച് ചേര്‍ന്നാലേ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കൂവെന്നും ഗവാസ്ക്കര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post