ന്യൂഡല്‍ഹി: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന പുതിയ നിര്‍ദേശവുമായി ആള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍(എഐസിടിഇ). സപ്ലികള്‍ എന്ന തലവേദനയാണ് പുതിയ തീരുമാനത്തിലൂടെ ഒഴിയുന്നത്. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളില്‍ പുസ്തകം കൊണ്ടുപോകാം എന്ന തീരുമാനത്തിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ കുറവ് ചോദ്യങ്ങളോ അല്ലെങ്കില്‍ കൂടുതല്‍ സമയമോ നല്‍കണമെന്ന് എഐസിടിഇ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്കിട്ടുണ്ട്.
”തങ്ങള്‍ പഠിക്കുന്ന വിഷയത്തെ കുറിച്ച് കുട്ടികള്‍ക്കുള്ള അവബോധം എത്രത്തോളമാണെന്ന് കണ്ടെത്താനും വിലയിരുത്താനും ഇതിലൂടെ സാധിക്കും. പരമ്പരാഗത പരീക്ഷ രീതികള്‍ വിദ്യാര്‍ത്ഥികളുടെ ടീം വര്‍ക്, ആശയവിനിമയത്തിലുള്ള മികവ് എന്നിവ അളക്കാന്‍ പര്യാപ്തമല്ല-;”എഐസിടിഇ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അശോക് ഷെട്ടാര്‍ പറഞ്ഞു. നടപടിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എന്‍ജിനിയറിങ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷ വേളയില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഈ മാറ്റം സഹായിക്കുമെന്ന് എഐസിടിഇ വ്യക്തമാക്കി. തങ്ങള്‍ പഠിച്ച കാര്യങ്ങളില്‍ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്തി ചോദ്യ പേപ്പറില്‍ കുറിക്കുന്നതിന് പകരം ചോദ്യം മനസിലാക്കി പുസ്തകത്തില്‍ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കാനുളള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതാകും ഇനിയുള്ള പരീക്ഷകളെന്നും എഐസിടിഇ വ്യക്തമാക്കുന്നു.
Discussion about this post