ഗുവാഹത്തി: ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനോട് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറാൻ ക്ഷണിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. ഒപ്പമുള്ള എംഎൽഎമാരെയും കൊണ്ട് ബിജെപിയെ ഉപേക്ഷിച്ച് വരാനാണ് സർബാനന്ദ സോനോവാളിനോട് പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയ ആവശ്യപ്പെട്ടത്. ബിജെപി വിട്ടാൽ സോനോവാളിനെ കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാമെന്നും ദേബബ്രത സൈക്കിയ വാഗ്ദാനം ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തെത്തിയതിനു തൊട്ടുപിന്നാലെയാണ് സോനോവാളിനെ ദേബബ്രത കോൺഗ്രസിലേക്ക് ക്ഷണിച്ചത്. പുതിയ സർക്കാർ ‘പൗരത്വ നിയമ ഭേദഗതി വിരുദ്ധ-ബിജെപി വിരുദ്ധ സർക്കാർ’ ആയിരിക്കുമെന്നും ദേബബ്രത മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അവകാശപ്പെട്ടു. ബിജെപിയും ആസാം ഗണ പരിഷത്തും തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ആസാമിലെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ, സോനോവാൾ ബിജെപി വിട്ടേ മതിയാകൂ. തന്റെ ഒപ്പമുള്ള മുപ്പത് എംഎൽഎമാരുമായി പുറത്തുവരണം. പൗരത്വ നിയമ ഭേദഗതി വിരുദ്ധ-ബിജെപി വിരുദ്ധ സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹത്തെ ഞങ്ങൾ പിന്തുണയ്ക്കും. അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കുകയും ചെയ്യും- ദേബബ്രത വ്യക്തമാക്കി. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനിലൂടെ രാഷ്ട്രീയത്തിലെത്തിയ സോനോവാൾ, 2011ലാണ് ബിജെപിയിൽ ചേർന്നത്.
Discussion about this post