ശ്രീനഗർ: ജമ്മുകാശ്മീരിൽ രണ്ട് ഭീകരർക്കൊപ്പം പിടികൂടിയത് രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള മെഡൽ നേടിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനേയും. കാശ്മീരിൽ ഡിഎസ്പിയായ ദേവേന്ദ്ര സിങിനെയാണ് ജമ്മുകാശ്മീർ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ഹിസ്ബുൾ, ലഷ്കർ ഭീകരരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലാവുമ്പോൾ ഡൽഹിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തീവ്രവാദികൾ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് അഞ്ച് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഷ്ട്രപതിയിൽ നിന്ന് ദേവേന്ദ്രസിങ് ധീരതയ്ക്കുള്ള മെഡൽ സ്വീകരിച്ചത്. ശ്രീനഗർ വിമാനത്താവളത്തിൽ ഹൈജാക്കിങ് വിരുദ്ധ സ്ക്വാഡിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് ദേവേന്ദ്ര സിങ്. കൂടാതെ, കാശ്മീരിലെ ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ഏറെക്കാലം പ്രവർത്തിക്കുകയും ചെയ്തിരുന്നു.
കുൽഗാമിലെ മിർ ബസാറിൽ നിന്നാണ് മൂന്ന് പേരേയും കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ നവീൻ ബാബുവാണ് ഭീകരരിൽ ഒരാൾ. കാശ്മീരികളല്ലാത്ത 11 പേരെ കൊന്ന കേസിൽ പ്രതിയാണിയാൾ.
പിടിയിലായതിന് പിന്നാലെ, ദേവേന്ദ്ര സിങിന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിനിടെ രണ്ട് എകെ47 തോക്കുകളും കണ്ടെടുത്തുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ദേവേന്ദ്ര സിങിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം പോലീസ് ഉദ്യോഗസ്ഥൻ ഭീകരർക്കൊപ്പം കസ്റ്റഡിയിലായ സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
Discussion about this post