ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാറിനെ ഭൂമിയിലെ ഒരു ശക്തിക്കും തടയാനാകില്ലെന്ന് ബിജെപി പ്രതികരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ മറുപടി. സിഎഎ നിലവിൽ വന്നു. ഇനി ആർക്കും പിന്തിരിപ്പിക്കാനാകില്ലെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു പ്രതികരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പ് ആണെന്നും മൻമോഹൻ സിങ് ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിഎഎ, എൻപിആർ എന്നിവ സംബന്ധിച്ച് കോൺഗ്രസിന്റെ കാപട്യം തുറന്നുകാട്ടും. രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഹിന്ദുക്കളായ അഭയാർത്ഥികൾക്ക് പൗരത്വം നൽകുമെന്നത് കോൺഗ്രസ് വാഗ്ദാനമായിരുന്നു. ഗുജറാത്തിലും ഇതേ ആവശ്യം കോൺഗ്രസ് ഉന്നയിച്ചു. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിയ ന്യൂനപക്ഷ വിഭാഗക്കാർക്ക് പൗരത്വം നൽകണമെന്ന് മൻമോഹൻ സിങ് രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. എൻപിആർ നടപ്പാക്കാൻ 2010ൽ തീരുമാനിച്ചത് കോൺഗ്രസാണ്. 2020ൽ എത്തിയപ്പോൾ എൻപിആർ എങ്ങനെയാണ് അപകടകരമായത്. കോൺഗ്രസിന് ഇക്കാര്യങ്ങളിലെല്ലാം ഇരട്ടത്താപ്പാണെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് സിഎഎക്കെതിരെ നിയമസഭകളിൽ പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് ബിജെപി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, എൻപിആർ പുതുക്കൽ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ചാണ് പ്രമേയം പാസാക്കുക. വിദ്യാർത്ഥി സമരങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വർക്കിങ് കമ്മിറ്റി പ്രമേയം പാസാക്കി. സർക്കാറിനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്നും കോൺഗ്രസ് അറിയിച്ചു.
Discussion about this post