കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് മോഡി കൊല്‍ക്കത്തയിലെത്തിയത്. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തിയത്. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോഡി കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കും. പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടതുമുന്നണി പ്രവര്‍ത്തകരും വന്‍ പ്രതിഷേധമാണ് പ്രധാനമന്ത്രിയ്ക്കെതിരെ ഉയര്‍ത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന്, കനത്ത സുരക്ഷയിലാണ് മോഡിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്നാണ് മമതയുമായി മോഡി കൂടിക്കാഴ്ച നടത്തിയത്. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവ പിന്‍വലിക്കണമെന്ന് മോഡിയോട് ആവശ്യപ്പെട്ടതായി മമത കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇക്കാര്യം പറയാന്‍ ഇത് ഉചിതമായ സമയമായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. പക്ഷേ ഞങ്ങള്‍ സിഎഎയ്ക്കും എന്‍പിആറിനുമെതിരെ പ്രക്ഷോഭം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് എതിരാണ് ഞങ്ങള്‍. ആരും അതിക്രമങ്ങള്‍ നേരിടേണ്ടവരല്ല. ദയവായി സിഎഎയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുക. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുക്കാനാണ് താന്‍ ഇവിടെ എത്തിയതെന്നും ഇത്തരം കാര്യങ്ങള്‍ പിന്നീട് ഡല്‍ഹിയില്‍ ചര്‍ച്ചചെയ്യാമെന്നും മോഡി പറഞ്ഞു.” – കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മമത.
Discussion about this post