ന്യൂഡൽഹി: ഞായറാഴ്ച രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ജെഎൻയു ക്യാംപസിൽ നടന്ന ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ വാട്‌സ്ആപ്പിലൂടെ നൽകിയ ആഹ്വാനമെന്ന് സ്ഥിരീകരിച്ച് ഡൽഹി പോലീസ്. ഇത്തരത്തിൽ ആക്രമണത്തിന് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ‘യുണിറ്റി എഗെൻസ്റ്റ് ലെഫ്റ്റ്’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങൾക്ക് പിന്നാലെയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ അതിക്രമം നടന്നതെന്നാണ് പോലീസ് നിഗമനം. ഈ ഗ്രൂപ്പിൽ അംഗങ്ങളായ അറുപത് പേരിൽ നിന്നാണ് 37 പേരെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞവരിൽ പത്ത് പേർ ക്യാംപസിന് പുറത്തുനിന്നുള്ളവരാണ്.
പുറത്തുനിന്നെത്തിയ അക്രമികൾ വിദ്യാർത്ഥികളല്ല. ഇടത്-എബിവിപി സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ആക്രമണത്തിൽ പങ്കാളികളായത്. ഇവർക്ക് ക്യാംപസിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് ജെഎൻയു ക്യാംപസിനുള്ളിൽ പ്രവേശിക്കാൻ വിദ്യാർത്ഥികൾ സൗകര്യം ഒരുക്കിയിരുന്നെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
തിരിച്ചറിഞ്ഞ 37 പേരിൽ ഒരാൾ ജെഎൻയു എബിവിപി യൂണിറ്റ് സെക്രട്ടറി മനീഷ് ജൻഗീതാണ്. അതേസമയം ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ എങ്ങനെ അംഗമായെന്നതിനെക്കുറിച്ച് അറിയില്ലെന്നും പൊട്ടിയ തന്റെ ഫോൺ നന്നാക്കാൻ നൽകിയ ശേഷമാണ് ഗ്രൂപ്പിൽ ഉൾപ്പെട്ട കാര്യം തിരിച്ചറിഞ്ഞതെന്നും മനീഷ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ക്യാംപസിലെ മുഖംമൂടി അക്രമകാരികളായ ഒമ്പത് പേരുടെ സിസിടിവി ദൃശ്യങ്ങൾ സഹിതമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു.
Discussion about this post