റിപ്പബ്ലിക് ദിനാഘോഷം അലങ്കോലപ്പെടുത്താൻ അതിർത്തിയിൽ 300 ഭീകരർ കാത്തിരിക്കുന്നു; സുരക്ഷാസേനയെ ആക്രമിച്ചേക്കും: രഹസ്യാന്വേണ റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുന്നതിനിടെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 300 ഭീകരർ നിയന്ത്രണ രേഖയ്ക്കപ്പുറം കാത്തിരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം. റിപ്പബ്ലിക് ദിനാഘോഷങ്ങൾ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഭീകരർ പാക് അധീന കശ്മീരിൽ അവസരം കാത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പാകിസ്താൻ സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാൻ ഭീകരരും ഇക്കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പാകിസ്താൻ സൈന്യം 60 അഫ്ഗാൻ ഭീകരരെയാണ് ഇന്ത്യയിൽ ആക്രമണം നടത്താനായി നിയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ ടുഡെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.

അതിർത്തിക്ക് അപ്പുറത്തുനിന്നും ചില ഭീകരർ കാശ്മീരിലേക്ക് ഇതിനകം തന്നെ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സുരക്ഷാ സേനകളുമായി ഏറ്റുമുട്ടുന്നതിൽ വിദഗ്ദ പരിശീലനം ലഭിച്ചവരാണ് ഇവരെന്നുമാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം, നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുമുണ്ട്. മുന്നറിയിപ്പുകളെ തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേനകൾ.

Exit mobile version