പുതുച്ചേരി: ജനങ്ങൾക്ക് വിതരണം ചെയ്യാമെന്ന് അറിയിച്ച സൗജന്യ അരിയെ ചൊല്ലിയിൽ പുതുച്ചേരിയിൽ പോര് തുടരുന്നു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഭവം ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി വി നാരായണസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഗവർണർക്കും എതിരെ ഹൈക്കോടതിയെ സമീപിച്ചു. സൗജന്യ അരിക്ക് പകരം പണം വിതരണം ചെയ്യാൻ ഗവർണർ തീരുമാനിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. നാരായണസ്വാമിയുടെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അടുത്ത ആഴ്ച വാദം കേൾക്കും.
2016ൽ അധികാരമേറ്റയുടൻ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ അരി വിതരണ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങൾക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുമതി നൽകിയിരുന്നതായി നാരായണ സ്വാമി വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിനിർദേശം നൽകിയാൽ ഉടൻ അനുമതി നൽകാമെന്ന് മന്ത്രാലയം ഉറപ്പുനൽകിയാതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഫയൽ ലെഫ്റ്റനന്റ് ഗവർണർ കിരൺബേദിയ്ക്ക് അയച്ചെങ്കിലും അനുമതി നിഷേധിച്ചു. അരിക്ക് പകരം ഉപഭോക്താക്കൾക്ക് പണം അക്കൗണ്ടിൽ നൽകാൻ ഗവർണർ നിർദേശം മുന്നോട്ടുവച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാർ വഴങ്ങിയില്ല. ഇതോടെ ഗവണർ ഫയൽ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. പിന്നാലെ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിർദേശത്തെ അട്ടിമറിക്കുന്ന ഉത്തരവാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. ഇതോടെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊതുജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും ആന്ധ്രപ്രദേശും കർണാടകയും ഇത്തരത്തിൽ അരി സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post