ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വീരവാദങ്ങളും തൊഴിൽദാനവും ഒന്നും ഫലപ്രദമാകാതിരുന്നതോടെ രാജ്യത്ത് വർഷം തോറും തൊഴിലില്ലായ്മയെ തുടർന്ന് മരിച്ചു വീഴുന്നത് ആയിരങ്ങളെന്ന് കണക്കുകൾ. രാജ്യത്തെ തൊഴിലില്ലായ്മ അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ മണിക്കൂറിലും തൊഴിൽരഹിതനായ ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ. കേരളത്തിലാണ് ഇത്തരത്തിലെ ഏറ്റവും കൂടുതൽ ആത്മഹത്യകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ ആത്മഹത്യാ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നത്. 1,34,516 ആത്മഹത്യകളാണ് 2018ൽ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 92,114 പുരുഷന്മാരും 42,319 സ്ത്രീകളുമാണെന്നാണ് ‘ഇന്ത്യയിലെ ആത്മഹത്യകൾ 2018’ എന്ന റിപ്പോർട്ടിൽ പറയുന്നത്. തൊഴിലില്ലായ്മയെത്തുടർന്ന് 2018ൽ 12,936 പേർ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ആ വർഷത്തെ ആകെ ആത്മഹത്യയുടെ 9.6 ശതമാനം വരുമത്. 18 നും 60 നും മധ്യേ പ്രായമുള്ളവരാണ് തൊഴിലില്ലാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. 10,687 പുരുഷന്മാരും 2,246 സ്ത്രീകളുമാണ് ഇക്കാരണത്താൽ ആത്മഹത്യ ചെയ്തത്.
കേരളത്തിലാണ് തൊഴിലില്ലായ്മയെത്തുടർന്ന് ഏറ്റവുമധികംപേർ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്താകെ ജീവനൊടുക്കിയ 12,930 പേരിൽ 1,585 പേരും കേരളത്തിലെ തൊഴിൽരഹിതരാണ്. രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മയെത്തുടർന്നുള്ള ആത്മഹത്യയുടെ 12.3 ശതമാനം വരുമിത്. തമിഴ്നാട്ടിൽ 1,579 പേരും മഹാരാഷ്ട്രയിൽ 1260 പേരും കർണാടകയിൽ 1,094 പേരും ഉത്തർപ്രദേശിൽ 902 പേരും 2018ൽ തൊഴിലില്ലായ്മയെത്തുടർന്ന് ആത്മഹത്യ ചെയ്തെന്നാണ് റിപ്പോർട്ട് പറയുന്നത്.
രാജ്യം 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 2013-14 മുതൽക്ക് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതായി ലേബർ ബ്യൂറോയും റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post