അമിത് ഷാ ആണെന്ന വ്യാജേനെ ഗവർണറെ വിളിച്ച് വിസി സ്ഥാനത്തേക്ക് സുഹൃത്തിനെ ശുപാർശ ചെയ്തു; വ്യോമസേന കമാൻഡർ അറസ്റ്റിൽ

ഭോപ്പാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന വ്യാജേന മധ്യപ്രദേശ് ഗവർണറെ ഫോൺ ചെയ്യുകയും സുഹൃത്തിനായി ശുപാർശ ചെയ്യുകയും ചെയ്ത വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. തന്റെ സുഹൃത്തിനെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട വ്യോമസേന വിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സുഹൃത്തും ഭോപ്പാലിൽ ദന്ത ഡോക്ടറുമായ ചന്ദ്രേഷ് കുമാർ ശുക്ലയെയും പ്രത്യേക ദൗത്യസംഘം പിടികൂടിയിട്ടുണ്ട്.

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടനെ ഫോണിൽ വിളിച്ച കുൽദീപ്, ചന്ദ്രേഷ് കുമാറിനെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എംപിഎംഎസ്‌യു)യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അമിത് ഷായുടെ പേഴ്സണൽ അസിസ്റ്റന്റെന്ന വ്യാജേന ചന്ദ്രേഷും ഗവർണറോട് സംസാരിച്ചിരുന്നു.

കള്ളത്തരം പിടിക്കപ്പെട്ടതോടെ വെള്ളിയാഴ്ചയാണ് ഇരുവരും അറസ്റ്റിലായത്. നിലവിൽ ഡൽഹിയിലെ വ്യോമസേന ഹെഡ് ക്വാട്ടേഴ്സിലാണ് കുൽദീപ് ജോലി ചെയ്യുന്നത്. നേരത്തെ, രാം നരേഷ് യാദവ് മധ്യപ്രദേശ് ഗവർണറായിരുന്ന സമയത്ത് മൂന്നു വർഷത്തോളം കുൽദീപ് അദ്ദേഹത്തിനൊപ്പം എഡിസിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു.

എംപിഎംഎസ്‌യുവിന്റെ വൈസ് ചാൻസലർ പദവിയിലെത്താൻ ചന്ദ്രേഷ് കുമാർ ശുക്ല ആഗ്രഹിച്ചിരുന്നതായും അപേക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

Exit mobile version