ശ്രീനഗർ: ജമ്മു കാശ്മീരിലെ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ സ്വന്തം ഫലം പോലും അറിയാനാകാതെ വിദ്യാർത്ഥികൾ വെട്ടിലായിരിക്കുകയാണ്. മാസങ്ങളായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുന്ന കാശ്മീർ താഴ്‌വരയിലെ വിദ്യാർത്ഥികളോട് വെബ്‌സൈറ്റിൽ നോക്കി ഫലമറിയാനാണ് വിദ്യാഭ്യാസ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
ഇന്റർനെറ്റില്ലാത്ത പ്രദേശത്ത് വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ വിദ്യാർത്ഥികളെ പരിഹസിക്കുന്ന നിലപാടെടുത്ത ജമ്മു കാശ്മീർ ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷനെതിരെ കടുത്തവിമർശനമാണ് ഉയരുന്നത്. 160 ദിവസമായി ഇന്റർനെറ്റ് വിലക്കുള്ള കാശ്മീരിൽ, പുറത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു ചോദിച്ചാണ് പലരും ഫലമറിഞ്ഞത്. ബോർഡ് ഓഫ് സ്‌കൂൾ എജ്യുക്കേഷന്റെ ഓഫിസിൽ നൂറുകണക്കിനു കുട്ടികൾ നേരിട്ടെത്തുകയും ചെയ്തു.
അതേസമയം, മാസങ്ങളായി സംസ്ഥാനത്ത് തുടരുന്ന ഇന്റർനെറ്റ് നിരോധനത്തിനെതിരെ സുപ്രീംകോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്രയധികം കാലയളവിലേക്ക് ഇന്റർനെറ്റ് നിരോധിക്കരുതെന്നും ഇത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post