ചെന്നൈ: പിന്നോക്ക സമുദായക്കാരനായ രണ്ടാം ക്ലാസുകാരനെ കൊണ്ട് സഹപാഠിയുടെ മനുഷ്യവിസര്‍ജ്യം നീക്കിച്ച അധ്യാപികക്ക് അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷ. തമിഴ്‌നാട്ടിലെ നാമക്കല്‍ മുന്‍സിപാലിറ്റി സ്‌കൂള്‍ അധ്യാപിക വിജയലക്ഷമിയെയാണ് കോടതി ശിക്ഷിച്ചത്. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ക്ലാസെടുക്കാനെത്തിയ ടീച്ചര്‍ മുറിയില്‍ മാലിന്യം കണ്ടതോടെ വിദ്യാര്‍ത്ഥികളോട് വിവരം തിരക്കി. മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയാണ് ചെയ്തതെന്നാണ് കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് പിന്നോക്ക സമുദായക്കാരനായ രണ്ടാംക്ലാസുകാരന്‍ ശശിധരനെ വിളിച്ച് വിസര്‍ജ്യം നീക്കാന്‍ ടീച്ചര്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ തല്ലുമെന്നും പറഞ്ഞു.
പിന്നീട് കുട്ടിയെക്കൊണ്ട് ടീച്ചര്‍ വെറും കൈ മാത്രം ഉപയോഗിച്ച് വിസര്‍ജ്യം നീക്കിക്കുകയായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം പറഞ്ഞു. അടുത്ത ദിവസം മാതാപിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ അധ്യാപികയെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ കേസിലാണ് വിജയലക്ഷ്മിയെ കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
Discussion about this post