ന്യൂഡൽഹി: വീഡിയോകോൺ കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച് അഴിമതി നടത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ചന്ദ കൊച്ചാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടപടിയുടെ ആദ്യപടിയായി 78 കോടി മൂല്യം വരുന്ന ആഡംബര വസതിയാണ് എൻഫോഴ്‌സ്‌മെന്റ് സീൽ പിടിച്ചെടുക്കുന്ന സ്വത്തുവകകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കള്ളം പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയ കേസുകളിൽ ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒ ആയ ചന്ദയ്‌ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് [ഇഡി] അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നതും.
സൗത്ത് മുംബൈയിലുള്ള ആഡംബര അപ്പാർട്ട്‌മെന്റ്, ഓഫീസുകൾ, ഭർത്താവായ ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ പവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ അവർക്കുള്ള നിക്ഷേപം തുടങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടാനായി ഒരുങ്ങുന്നത്. 100 കോടി രൂപയാണ് ഇഡി ഇവയ്ക്ക് മൂല്യം കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഈ സ്വത്തുക്കളുടെ വിപണി മൂല്യം 800 കോടിക്ക് മുകളിൽ വരുമെന്നാണ് വിദഗ്ദർ കരുതുന്നത്. കണ്ടുകെട്ടുന്നതിനുള്ള പ്രാഥമിക നടപടികൾ ഇഡി ആരംഭിച്ചു കഴിഞ്ഞി. ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിയിൽ വലിയ തുക നിക്ഷേപിക്കുന്നതിനായി ഐസിഐസിഐ ബാങ്കിന്റെ തലപ്പത്തിരിക്കെ ചന്ദ കൊച്ചാർ 5000- ത്തിൽ പരം കോടി രൂപ അനധികൃതമായി വീഡിയോകോണിന് വായ്പ നൽകി എന്നതാണ് കേസ്. ഈ വായ്പ പിന്നീട് കിട്ടാക്കടമായി മാറുകയും കേസ് നടപടികൾ ചന്ദയ്ക്ക് നേരിടേണ്ടി വരികയുമായിരുന്നു.
Discussion about this post