ബംഗളൂരു: കനത്ത മൂടൽമഞ്ഞ് കാഴ്ച മറച്ചിട്ടും ലാൻഡിങ്ങിന് സുരക്ഷിതമായ മാർഗ്ഗം തേടാതെ സാഹസികമായി യാത്രാവിമാനം ലാൻഡ് ചെയ്യിപ്പിച്ചതിന് പൈലറ്റുമാർക്ക് സസ്പെൻഷൻ. 146 യാത്രക്കാരുമായി പറന്ന ഗോ എയർ എ-320 നിയോ വിമാനമാണ് ലാൻഡിങ്ങിനിടെ സംഭവിക്കാമായിരുന്ന പൊട്ടിത്തെറിയിൽ നിന്നും ഭാഗ്യംകൊണ്ടു മാത്രം രക്ഷപ്പെട്ടത്. കഴിഞ്ഞ നവംബർ 11നാണ് സംഭവം.
നാഗ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ബംഗളൂരു വിമാനത്താവളത്തിൽ റൺവേയ്ക്ക് കഷ്ടിച്ച് അമ്പതടി മുകളിൽവെച്ച് പൈലറ്റിനും സഹപൈലറ്റിനും മൂടൽമഞ്ഞുമൂലം കാഴ്ച അവ്യക്തമാവുകയായിരുന്നു. ഈ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും വേറെ വിമാനത്താവളത്തിലേക്ക് പോവുകയോ രണ്ടാമതും സുരക്ഷിതമായ ലാൻഡിങ്ങിന് ശ്രമിക്കുകയോ ചെയ്യാതെ അവിടെ തന്നെ ലാൻഡ് ചെയ്യുകയായിരുന്നു പൈലറ്റും സഹപൈലറ്റും. സുരക്ഷിതമായ ലാൻഡിങ്ങ് സാധ്യമല്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അവിടെ ലാൻഡ് ചെയ്യാതെ മറ്റൊരു വഴി തേടണമെന്നാണ് പൈലറ്റുമാർക്ക് നൽകാറുള്ള നിർദേശം. എന്നാൽ, ഇരുവരും ഈ നിർദേശം ലംഘിച്ചാണ് ലാൻഡിങ് നടത്തിയത്.
ഗോ എയർ ജി8-811 വിമാനത്തിലെ പൈലറ്റും സഹപൈലറ്റും അവ്യക്തമായ റൺവേയിൽ വിമാനം ഇറക്കാൻ ശ്രമിക്കുകയും, എന്നാൽ പൈലറ്റുമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് റൺവേയുടെ ഇടതുവശത്തുള്ള പുൽത്തകിടിയിൽ വിമാനം നിലംതൊടുകയുമായിരുന്നു. ഇത്തരത്തിലുള്ള ലാൻഡിങ്ങുകൾ വിമാനം പൂർണമായി തകരുന്നതിനു വരെ കാരണമാകാറുണ്ട്. അബദ്ധം മനസ്സിലാക്കിയ പൈലറ്റുമാർ വേഗം വിമാനം ഉയർത്തി പറപ്പിക്കുകയും ലാൻഡിങ്ങിനുള്ള ശ്രമം ഒഴിവാക്കുകയുമായിരുന്നു. തുടർന്ന് ബെംഗളൂരു എയർ ട്രാഫിക് കൺട്രോളിൽനിന്ന് ലഭിച്ച നിർദേശപ്രകാരം ഹൈദരാബാദ് വിമാനത്താവളത്തിലാണ് ഗോ എയർ ജി8-811 ഇറങ്ങിയത്.
സംഭവം ഗൗരവമേറിയതാണെന്ന് കണ്ടെത്തിയ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) രണ്ടു പൈലറ്റുമാരെയും സസ്പെൻഡ് ചെയ്തു. പ്രധാനപൈലറ്റിനെ ആറുമാസത്തേക്കും സഹപൈലറ്റിനെ മൂന്നുമാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. രണ്ട് പൈലറ്റുമാരും തങ്ങളുടെ തെറ്റ് അംഗീകരിച്ചതായി ഡിജിസിഎ വൃത്തങ്ങൾ അറിയിച്ചു.