ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുമ്പോഴും മോഡി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ കേട്ടാല്‍ തലയില്‍ കൈവച്ച് പോകുന്ന അവസ്ഥയാണ്. അധികാരം കൈയ്യിലെത്തിയതോടെ മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ കെടുതികള്‍, ജിഎസ്ടി, സ്വകാര്യവത്ക്കരണ നയം ഇവയെല്ലാം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്നത് തികച്ചും പച്ചയായ യാഥാര്‍ത്ഥ്യം തന്നെ.
സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക, ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന പേരില്‍ മോഡി വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് തീര്‍ത്തത് കേട്ടാല്‍ കണ്ണു തള്ളുന്നത്രയും പണമാണ്. 55 മാസം കൊണ്ട് മോഡി ആകെ സന്ദര്‍ശിച്ചത് 92 രാജ്യങ്ങളാണ്. 2018 വരെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോഡിയുടെ ആകെ ചെലവ് 2021 കോടി രൂപയോളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആര്‍ഭാട പൂര്‍ണമായ പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവ് നിലവില്‍ 4000 കോടി രൂപയായി ഉയര്‍ന്നിരിക്കുകയുമാണ്. ആഗോള നിക്ഷേപം ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മോഡി വിദേശരാജ്യങ്ങള്‍ കയറിയിറങ്ങിയിട്ടും ഇന്ത്യയുടെ നിക്ഷേപത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഉപഭോഗം നിക്ഷേപ മേഖലയില്‍ തളര്‍ച്ച തന്നെ രൂപപ്പെട്ടു. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കുറവ് ഉണ്ടായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലോകത്തിലേറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുക എന്ന പ്രഖ്യാപനം പോലും കേന്ദ്രസര്‍ക്കാരിന് തലവേദനയായി മാറിയ അവസ്ഥയിലായിരിക്കുകയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കാനാവശ്യമായ ഫണ്ടിന്റെ അഭാവം സര്‍ക്കാര്‍ നേരിടുമ്പോഴും വിദേശരാജ്യങ്ങളില്‍ ആഡംബരയാത്ര നടത്തി മോഡി തീര്‍ക്കുന്നത് ഭീമമായ തുകയാണ്.
രാജ്യം സാമ്പത്തിക പ്രശ്നം നേരിടുമ്പോഴും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പല ന്യായീകരണങ്ങളും ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും രാജ്യത്ത് ബിജെപിയുടെ ഭരണം, എത്രമാത്രം അപകടമുണ്ടാക്കിയെന്നും, ഭരണ കക്ഷി പുറന്തള്ളുന്ന രാഷ്ട്രീയ അജണ്ടകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയെന്നതും ഓരോ ഇന്ത്യക്കാരനും വ്യക്തമായി അറിയാം.
സര്‍ക്കാറിന്റെ വരുമാന വിഹിതം കുറഞ്ഞതും രാജ്യത്ത് വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ പൊതുമേഖലാ കമ്പനികള്‍ നഷ്ടത്തിലേക്ക് വഴുതിവീണതും സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് പിന്നാലെയാണെന്നത് പരസ്യമായ കാര്യം തന്നെയാണ്. സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക മാന്ദ്യം രാജ്യത്ത് പിടിമുറുക്കിയതോടെ സര്‍ക്കാര്‍ ചെലവ് ചുരുക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. നികുതി വരുമാനം കുറഞ്ഞതും, വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനം കൈവശമില്ലാത്തതുമാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്. എന്നാല്‍ ചെലവ് ചുരുക്കിയാല്‍ രാജ്യം വലിയ സാമ്പത്തിക പ്രതിന്ധിയാകും അഭിമുഖീകരിക്കേണ്ടി വരിക.
Discussion about this post