ഹൈദരാബാദ്: രാജ്യത്തെ ബിജെപി വിമുക്തമാക്കിയില്ലെങ്കിൽ രാജ്യം സ്വതന്ത്ര്യമായി നിലനിൽക്കില്ലെന്ന് സാമൂഹ്യപ്രവർത്തക മേധാ പട്കർ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട ദീർഘകാലം നിലനിൽക്കില്ലെന്നും അവർ പറഞ്ഞു. രാജ്യത്തെ വിഭജിച്ച് ഭരിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി തീർക്കുക എന്നതാണ് മോഡിയുടെയും അമിത് ഷായുടേയും അടിസ്ഥാന ആശയമെന്നും അതിന്റെ ഭാഗമായുള്ള വിഭജനം ആരംഭിച്ചെന്നും മേധാ പട്കർ കുറ്റപ്പെടുത്തി.
സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് പോലെയുള്ള അപകടം നിറഞ്ഞ കാര്യങ്ങൾ നടക്കുന്നത്. ഇനിയും ഇത് തുടർന്നാൽ രാജ്യം സ്വതന്ത്ര്യമായി നിലനിൽക്കില്ല. ഇത് നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കുന്നതിനും ബിജെപി വിമുക്തമാക്കുന്നതിനുമുള്ള സമയാണെന്നും മേധാ പട്കർ ആഹ്വാനം ചെയ്തു.
പൗരത്വ ഭേദഗതി നിയമം, എൻആർസി, എൻപിആർ എന്നിവ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും മേധാ പട്കർ പറഞ്ഞു. പൗരത്വ നിയമം പാവങ്ങളെയാണ് ബാധിക്കുക. അത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തെയാണ് ബാധിക്കുകയെന്നും പൗരത്വ ഭേദഗതിക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മേധാ പട്കർ പറഞ്ഞു.
Discussion about this post