ന്യൂഡല്‍ഹി: ജനങ്ങളുടെ വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീംകോടതി. ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ക്കെതിരേയുള്ള ഹര്‍ജിയില്‍ വിധി പറയുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ വേണ്ടി സെക്ഷന്‍ 144ന് കീഴിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കില്ല. നിരോധനാജ്ഞ ഏര്‍പ്പെടുത്തുമ്പോള്‍ മജിസ്ട്രേറ്റുമാര്‍ വ്യക്തികളുടെ അവകാശങ്ങളും രാജ്യത്തിന്റെ ആശങ്കകളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ആവര്‍ത്തിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. വ്യക്തികളെ ബാധിക്കുന്ന നിയന്ത്രണങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. അപകടമുണ്ടാകുമെന്ന ജാഗ്രതയില്‍ സെക്ഷന്‍ 144 പ്രയോഗിക്കാം. എന്നാല്‍ അപകടം ഒരു ‘അടിയന്തരാവസ്ഥ’ യുടെ സ്വഭാവത്തിലായിരിക്കണം’. എല്ലാ തത്വങ്ങളും പാലിച്ച് കൊണ്ടാവണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എന്‍വി രമണ, ആര് സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരാണ് ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ക്കെതിരേയുള്ള ഹര്‍ജിയില്‍ വിധി പറഞ്ഞത്.