ന്യൂഡൽഹി: സാമ്പത്തിക വിദഗ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേർത്ത യോഗത്തിനെത്തിയപ്പോൾ ചർച്ച നയിക്കേണ്ട ധനമന്ത്രി നിർമ്മല സീതാരാമൻ ‘മുങ്ങിയത്’ ശ്രദ്ധേയമായിരിക്കുകയാണ്. പൊതു ബജറ്റിനു മുന്നോടിയായാണ് പ്രധാനമന്ത്രി സാമ്പത്തിക മേഖലയിലെ വിദഗ്ധരുമായി ചർച്ച സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ചർച്ച നടത്തുമ്പോൾ ധനമന്ത്രി ബിജെപി ആസ്ഥാനത്ത് പാർട്ടി നേതാക്കളുമായി ബജറ്റ് ചർച്ച നടത്തുകയായിരുന്നുവെന്ന് പിന്നീട് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
നിതി ആയോഗ് ആസ്ഥാനത്ത് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അധ്യക്ഷൻ ബിബെക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
അതേസമയം, ധനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ശശി തരൂർ ഉൾപ്പെടെ പലരും ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എന്നാൽ, ധനമന്ത്രി കഴിഞ്ഞ മാസം 20ന് സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയതാണെന്നായിരുന്നു ധനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്. ബജറ്റിനെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കണമെന്ന് മോഡി ട്വിറ്ററിലൂടെ ഇന്നലെയും അഭ്യർത്ഥിച്ചു. നേരത്തേയും പ്രധാനമന്ത്രിയും ധനമന്ത്രിയും വെവ്വേറെ ആശയങ്ങൾ ക്ഷണിച്ചിരുന്നു.
Discussion about this post