ന്യൂഡല്‍ഹി:ദീപിക പദുകോണിന്റെ പുതിയ ചിത്രം ചപ്പാക്ക് നികുതിരഹിതമായി പ്രദര്‍ശിപ്പിക്കുമെന്ന് മധ്യപ്രദേശ്, ചത്തീസ്ഗഡ് സര്‍ക്കാറുകള്‍. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.
ആസിഡ് അറ്റാക്ക് അതിജീവിച്ചരെക്കുറിച്ച് പോസിറ്റീവായ സന്ദേശം നല്കുന്ന സിനിമയാണ് ചപ്പാക്കെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മി അഗര്‍വാളിന്റെ ജീവിത യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല, ആസിഡ് അറ്റാക്ക് അതിജീവിച്ചവരുടെ പോരാട്ടങ്ങളും സ്ഥിരതയും ജീവിതത്തോടുള്ള സമരങ്ങളും കാണിച്ചു തരുന്ന സിനിമയാണ് ചപ്പാക്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിന് പിന്നാലെ ചത്തീസ്ഗഡും നികുതിരഹിതമായി സംസ്ഥാനത്ത് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന വാഗ്ദാനവുമായി രംഗത്തെത്തി. ആസ്ഡ് അറ്റാക്കിന് ഇരയായിട്ടും ജീവിതത്തെ പൊരുതി വിജയിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയാണ് ഈ മേഖ്ന ഗുല്‍സാര്‍ ചിത്രം പറയുന്നത്.
സിനിമയിലെ പ്രധാന നടിയായ ദീപിക പദുകോണ്‍ ജെഎന്‍യു സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പസിലെത്തിയ സംഭവത്തിനുശേഷം ചിത്രം ബഹിഷ്കരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.
Discussion about this post