മുംബൈ: ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ വെച്ച് നടന്ന എന്‍സിപി യോഗത്തിന് ശേഷം മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ.
2014 ഡിസംബര്‍ ഒന്നിനാണ് സിബിഐ കോടതി ജഡ്ജി ലോയയുടെ മരണം സംഭവിക്കുന്നത്. സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേയായിരുന്നു മരണം. 2017 നവംബറില്‍ ‘ദ കാരവ’നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവന്നത്. ഇതോടെ ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2018 ജൂലൈയില്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതിന് ശേഷമാണ് ഇപ്പോള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചത്. വ്യക്തമായ തെളിവുകളോടെ ആരെങ്കിലും പരാതി നല്കിയാല് കേസ് പുനരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തില്‍ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു.