പൗരത്വ നിയമ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു; നാഗാലാന്റ് രാജ്യസഭാംഗത്തെ പാര്‍ട്ടി പുറത്താക്കി

പാര്‍ട്ടി നിര്‍ദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് കെന്യേയ്‌ക്കെതിരെ അച്ചടക്ക നടപടി.

ഗുവാഹത്തി: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത രാജ്യ സഭാ എംപിയെ സസ്‌പെന്‍ഡ് ചെയ്ത് നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിഎഫ്.

രാജ്യ സഭാംഗം കെജി കെന്യേയെയാണ് നാഗാ പീപ്പിള്‍സ് ഫ്രന്റിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സജീവാഗംത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നിര്‍ദേശം മറി കടന്ന് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിനാണ് കെന്യേയ്‌ക്കെതിരെ അച്ചടക്ക നടപടി.

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെ കെന്യേയോട് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്‍പിഎഫിന്റെ മണിപ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ ലോര്‍ഹോ എസ് പ്‌ഫോസിനും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ കാരണം കാണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ ലോക്‌സഭാഗം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ തന്റെ നടപടിയെ ന്യായീകരിക്കാന്‍ കെന്യേ നടത്തിയ ശ്രമങ്ങളാണ് അച്ചടക്ക നടപടിയെടുക്കാന്‍ എന്‍പിഎഫിനെ പ്രേരിപ്പിച്ചത്.

Exit mobile version