ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധസ്വരമുയര്‍ത്തി രംഗത്തെത്തിയവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. ചെന്നൈ നഗരത്തിലെ വളളുവര്‍കോട്ടത്താണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.
വള്ളുവര്‍കോട്ടം കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയകക്ഷികളുടെയും വിദ്യാര്‍ഥി കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഫേസ് ബുക്ക് കൂട്ടായ്മയായ സിറ്റിസണ്‍സ് എഗൈന്‍സ്റ്റ് സിഎഎയും സമര രംഗത്തുണ്ട്. വൈകിട്ട് നാലുമുതലാണ് പ്രതിഷേധക്കാര്‍ സംഘടിക്കുക. ഇന്നലെ ന്യൂ കോളജിലെ വിദ്യാര്‍ഥികളും പ്രതിഷേധരംഗത്ത് ഇറങ്ങിയിരുന്നു. സമരം വരുംദിവസങ്ങളിലും തുടരും.
മദ്രാസ് സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍വ്വകലാശാല ശ്രമിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയെപ്പോലും തങ്ങളുടെ അടുത്തേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്നും കോഴ്‌സ് തീര്‍ക്കാന്‍ അനുവദിക്കില്ലെന്നും സമരത്തില്‍ പങ്കെടുത്താല്‍ ടിസി വാങ്ങി പോകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
ഒറ്റക്ക് വിളിച്ചുവരുത്തിയാണ് സര്‍വ്വകലാശാല അധികൃതര്‍ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ തവണ സമരത്തിന് ഞങ്ങള്‍ 18 പേരുണ്ടായിരുന്നു. ഇപ്പോള്‍ ഏഴുപേരായി ചുരുങ്ങി. അറസ്റ്റ് ചെയ്യപ്പെടാന്‍ സന്നദ്ധരായി എത്തിയിരുന്നവര്‍ക്കു പോലും ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം എത്താന്‍ സാധിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.