ന്യൂഡല്‍ഹി; അമിത് ഷായ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രിക്കെതിരെ ഗോബാക്ക് മുദ്രാവാക്യം വിളിച്ച മലയാളി അഭിഭാഷക സൂര്യ രാജപ്പന്‍. പൗരത്വ നിയമത്തിന് എതിരെയുളള തന്റെ ശബ്ദത്തെ അമിത് ഷായെ നേരിട്ട് കേള്‍പ്പിക്കുകയായിരുന്നു പ്രതിഷേധത്തിന്റെ ഉദ്ദേശം. എത്രയൊക്കെ ഭീഷണി ഉയര്‍ന്നാലും താന്‍ ഡല്‍ഹി വിട്ട് പോവില്ലെന്നും സൂര്യ പറഞ്ഞു.
പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഭവനസന്ദര്‍ശന പരിപാടിക്കിടെയായിരുന്നു മലയാളിയായ സൂര്യ രാജപ്പനും മറ്റൊരു പെണ്‍കുട്ടിയും ഗോബാക്ക് വിളിച്ചത്. സംഭവത്തിന് പിന്നാലെയുണ്ടായ ഭീഷണിയെ തുടര്‍ന്ന് വാടക വീട് വരെ ഒഴിയേണ്ടി വന്നു. എന്നാല്‍ താന്‍ എല്ലാം നേരിടാന്‍ തെയ്യാറാണെന്ന് ഉറച്ച തീരുമാനത്തിലാണ് സൂര്യ.
താന്‍ നടത്തിയ പ്രതിഷേധം മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. സംഭവത്തിന് പിന്നാലെ നിരവധി ഭീഷണികള്‍ ഉയര്‍ന്നു. കൂറെ പേര്‍ താമസസ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കി. ഇതേത്തുടര്‍ന്നാണ് താമസം മാറിയതെന്നും സൂര്യ പറഞ്ഞു.